About Us


പുരോഗമന കലാ സാഹിത്യ സംഘം

1981 ആഗസ്റ്റ് 14  നാണ് എറണാകുളത്ത് വെച്ച് പുരോഗമന കലാ സാഹിത്യ സംഘം രൂപം കൊണ്ടത്. അതിന്റെ ആദ്യ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സപ്തതി ആഘോഷമാണ് സംഘടനയുടെ രൂപീകരണ പ്രഖ്യാപനത്തിനു ശേഷം ആഗസ്റ്റ് 15,16 തീയ്യതികളിലായി അതേ വേദിയിൽ നടന്നത്. അതു വഴി കവിയുടെ സപ്തതി കേരളീയ സാംസ്ക്കാരിക ചരിത്രത്തിന്റെ ഒരു സംക്രമണ ഘട്ടം കൂടിയായിത്തീർന്നു. എഴുത്തുകാരുടെയും കലാകാരരുടെയും സാംസ്ക്കാരിക പ്രവർത്തകരുടെയും ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി പിന്നീട് മാറിയ ഒരു പ്രസ്ഥാനത്തിന്റെ  പിറവിയായിരുന്നു അത്. പു ക സ എന്ന മൂന്ന് അക്ഷരങ്ങളിൽ

അറിയപ്പെടുന്ന ആ മഹാ പ്രസ്ഥാനം ഈ 2021ൽ അതിന്റെ നാൽപ്പതാം വർഷത്തിലേക്ക് കടക്കുകയാണ്. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ  (പ്രസിഡന്റ് ) ഡോ : എം.എസ് .മേനോൻ, പ്രൊഫ : എം.കെ.സാനു (വൈസ് പ്രസിഡന്റുമാർ) എം. എൻ.കുറുപ്പ് (ജനറൽ സെക്രട്ടറി) പ്രൊഫ: എരുമേലി പരമേശ്വരൻ പിള്ള, എം.കുട്ടികൃഷ്ണൻ ( സെക്രട്ടറിമാർ) എന്നിവരാണ് സംഘടനയുടെ സ്ഥാപക ഭാരവാഹികൾ.

“പുരോഗമന കലാ സാഹിത്യ സംഘം എന്ത് എന്തിന് “? എന്ന പേരിലുള്ള രേഖയാണ് 1981 ആഗസ്റ്റ് 15 ന്  എറണാകുളത്തു ചേർന്ന സമ്മേളനം അംഗീകരിച്ചത്.1937 മുതൽ കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും എണ്ണമറ്റ സംവാദങ്ങളിലൂടെയും ആസൂത്രിതമായ കർമ്മപദ്ധതികളിലൂടെയും മുന്നേറുകയും നിരന്തരമായ വാദ പ്രതിവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും കാലാനുസൃതമായി നവീകരിക്കുകയും  പല സംഘടനാ രൂപങ്ങൾ ആർജ്ജിക്കുകയും ചെയ്ത് പക്വതയെത്തിയ ഒരു സംഘടനാ സംവിധാനത്തിലെത്തിയ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മാനിഫെസ്റ്റോ തന്നെയായിരുന്നു അത്.

“മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുകയും ജീവിത മൂല്യങ്ങളിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന കലാ സാഹിത്യ പ്രവർത്തകരുടെ ഒരു പൊതു വേദിയായിരിക്കും ‘പുരോഗമന കലാ സാഹിത്യ സംഘം’.അങ്ങനെയുള്ള സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ജനജീവിതാനുഭവങ്ങളുമായി  ബന്ധപ്പെടുത്തുന്നതിനും,സാമൂഹ്യ പരിവർത്തനത്തിൽ ആത്മ വിശ്വാസമുള്ളവരാക്കുന്നതിനും ഈ സംഘം ഒരു സജീവ ഘടകമായി നിലകൊള്ളണം.

കലാസാഹിത്യ രംഗങ്ങളിലുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക.ഈ പ്രവർത്തനങ്ങളെ സമന്വയിപ്പിച്ച് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുക- പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മുഖ്യ ചുമതലയാകുന്നു.”

പുതുതായി രൂപം കൊള്ളുന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ലക്ഷ്യവും പരിപാടിയുമൊക്കെയാണ് രേഖയുടെ ആദ്യ ഭാഗങ്ങളിൽ. അത് നടപ്പിൽ വരുത്തുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങളെക്കുറിച്ചും തുടർന്ന് വിശദീകരിക്കുന്നു.എങ്കിലും ഉള്ളടക്കം സംബന്ധിച്ച ചില അടിസ്ഥാന പ്രശ്നങ്ങളും രേഖ മുന്നോട്ടു വെക്കുന്നുണ്ട്.

“നമ്മുടെ പല സാഹിത്യ കൃതികളിലും ഹ്യുമനിസത്തിന്റെ പേരിൽ വാഴ്ത്തപ്പെടുന്ന വസ്തുതകൾ ബൂർഷ്വാ ഹ്യുമനിസത്തിന്റേതു മാത്രമായ വൈയക്തിക  പ്രശ്നങ്ങളാണ്. ഈ യാഥാർത്ഥ്യം  അപഗ്രഥിക്കുന്ന ഒരു നിരൂപണ സമ്പ്രദായവും നമുക്ക് മുന്നോട്ടു കൊണ്ട് പോകേണ്ടതുണ്ട്. കൃതികളുടെ രചനാ കൗശലത്തിന് – രൂപ സംവിധാനത്തിന് വേണ്ടത്ര അംഗീകാരം നൽകിക്കൊണ്ട് തന്നെ വേണം ഈ വിലയിരുത്തൽ നടത്തുവാൻ. അതിന്റെ ഭാഗമായിട്ട് മാത്രമേ സൗന്ദര്യ ശാസ്ത്ര ചർച്ച കാണാൻ പാടുള്ളൂ.”

ഈ അടിസ്ഥാന പ്രമാണത്തിൽ ഊന്നിക്കൊണ്ടാണ് പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തിച്ചത്. അത്യന്തം വിശാലവും ജനാധിപത്യപരവുമായ അതിന്റെ സംഘടനാ രൂപവും അടിസ്ഥാന സങ്കൽപ്പങ്ങളും ആയിരക്കണക്കിന് കലാകാരരെയും എഴുത്തുകാരെയും സംഘടനയിലേക്ക് ആകർഷിച്ചു. കേരളത്തിലെ എഴുത്തുകാരിൽ മഹാഭൂരിപക്ഷവും പുകസയുടെ പ്രവർത്തകരോ സംഘാടകരോ ഏതെങ്കിലും പരിപാടികളിലെ ക്ഷണിതാക്കളോ അഭ്യുദയ കാംക്ഷികളോ ആയി മാറി. പുതുതായി കലയുടെയോ സാഹിത്യത്തിന്റെയോ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നവർക്ക് അതിരറ്റ ആത്മവിശ്വാസവും ഇച്ഛാശക്തിയുമാണ് അറിഞ്ഞോ അറിയാതെയോ ഈ സംഘടനാ പകർന്നു നൽകിയത്.അവരുടെ കൃതികളെ പരിഗണിക്കുകയും അതേക്കുറിച്ച് ചർച്ച ചെയ്യുകയും വഴി ഒരു വലിയ സാഹോദര്യമാണ് സംഘം പടുത്തുയർത്തിയത്. 

1936 മുതൽ ആരംഭിക്കുന്ന ഇന്ത്യയിലെ പുരോഗമന സാംസ്ക്കാരിക പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടത്തിന്റെ തുടക്കമായിരുന്നു പുരോഗമന കലാ സാഹിത്യ സംഘം. സ്വാതന്ത്ര്യ ബോധത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളുടെയും ധീരവും സമൃദ്ധവുമായ ചരിത്രവും പശ്ചാത്തലവും ഈ പ്രസ്ഥാനത്തിനുണ്ട്. ഇന്ത്യയൊട്ടാകെ ഉദയം ചെയ്ത പ്രസ്ഥാനം എന്ന നിലയിൽ പുരോഗമന സാഹിത്യ സംഘടന അതിന്റെ പിറവിയുടെ  എൺപത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.

Our Bearers Details