പുരോഗമന കലാ സാഹിത്യ സംഘം നാൾവഴികൾ


അഖില ലോക പുരോഗമന സാഹിത്യ സമ്മേളനം 1935 ജൂൺ 21 – 26 

1935 ജൂൺ 21 മുതൽ 26 വരെ പാരീസിൽ നടന്ന ‘ദി ഇന്റർനാഷണൽ  കോൺഗ്രസ്സ് ഓഫ് റൈറ്റേഴ്‌സ് ഫോർ ദി ഡിഫൻസ് ഓഫ് കൾച്ചർ’ എന്ന എഴുത്തുകാരുടെ മഹാ സമ്മേളനത്തോടെയാണ് ലോകത്ത് പുരോഗമന സാഹിത്യ ചിന്തകൾക്ക് പ്രാരംഭം കുറിച്ചത്.
പ്രശസ്തനായ ഫ്രഞ്ച് സാഹിത്യകാരൻ ഹെൻട്രി ബാർബുസെ, പ്രമുഖ ഫ്രഞ്ച് കവിയും നോവലിസ്റ്റുമായ ലൂയി ആരഗൻ, പ്രശസ്ത ഫ്രഞ്ച് നാടകകൃത്ത്  റൊമൈൻ  റൊളാണ്ട്, വിശ്വ പ്രസിദ്ധ എഴുത്തുകാരായ മാക്സിം ഗോർക്കി, ആന്ദ്രേ മാൽറോ, തോമസ് മാൻ, അമേരിക്കൻ

നോവലിസ്റ്റും ചരിത്രകാരനും നിരൂപകനുമായ വാൾഡോ ഫ്രാങ്ക് , ഇ എം ഫോസ്റ്റർ, ബെർതോൾട് ബ്രെഹ്റ്റ്   തുടങ്ങിയവരെല്ലാം ആ സമ്മേളനത്തിന്റെ സംഘാടകരും അതിന്റെ സങ്കല്പങ്ങൾ നിർമ്മിച്ചവരുമായിരുന്നു. ഇന്ത്യയിൽ നിന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്തത് അന്ന് . ലണ്ടനിൽ വിദ്യാർത്ഥികളായിരുന്ന സജ്ജാദ്  സഹീർ, മുൽക്ക് രാജ് ആനന്ദ് എന്നിവർ ആയിരുന്നു. “എഴുത്തുകാരേ ..നിങ്ങൾ ഏതു ചേരിയിൽ? ഫാസിസത്തിന്റെയും യുദ്ധത്തിന്റെയുമോ  അതോ ദേശീയ സ്വാതന്ത്ര്യത്തിന്റെയും ലോക സമാധാനത്തിന്റേയുമോ? മഹാനായ മാക്സിം ഗോർക്കി ഉയർത്തിയ ഈ ചോദ്യമാണ് പാരീസ് സമ്മേളനത്തിന്റെ മാനിഫെസ്റ്റോ ആയി മാറിയത്.

അഖിലേന്ത്യാ പുരോഗമന സാഹിത്യ സമ്മേളനം 1936 ഏപ്രിൽ 9 – 10 

അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘത്തിന്റെ പ്രഥമ സമ്മേളനം 1936 ഏപ്രിൽ 9,10 തീയ്യതികളിൽ ഉത്തർ പ്രദേശിലെ ലഖ്നോയിൽ  വെച്ചാണ് നടന്നത്. മുൻഷി പ്രേംചന്ദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. . ഇന്ത്യയിലെ പ്രമുഖ സ്വാതന്ത്ര്യപ്പോരാളികളും അതി പ്രഗത്ഭരായ  എഴുത്തുകാരുമെല്ലാം  ലഖ്നോ സമ്മേളനത്തിൽ പ്രതിനിധികളായിരുന്നു. ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ്‌ നാരായൺ, മൗലാനാ ഹസ്രത് മൊഹാനി, കമലാദേവി

ചതോപാധ്യായ, സരോജിനി നായിഡു, എന്നീ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളും ഫയസ് അഹമ്മദ് ഫയസ് , അലി സർദാർ ജാഫ്രി, മജ്‌റൂഹ് സുൽത്താൻ പുരി, ഡോക്ടർ അബ്ദുൽ ആലിം, സിബത് ഹസ്ഡൻ, ഇൻതാർ  ഹുസ്സൈൻ, ഫറാഖ് ഗോരക് പുരി, ജോശ് മലിഹാബാദി, സാഗർ നിസാമി, കെ.എ.അബ്ബാസ്, കിഷൻ ചന്ദർ, കൈഫി ആസ്മി, സാഹിർ ലുധിയാൻവി, അഖ്തർ അമ ഈമാൻ, ഇസ്മത് ചുഗ്തായി, മുഹമ്മദ് സഫർ, ഡോക്ടർ റഷീദ ജഹാൻ, ഗോഹർ  ജഹാൻ തുടങ്ങിയ അതി പ്രശസ്തരായ ഉറുദു എഴുത്തുകാർ മുഴുവനും പങ്കെടുത്തു. മഹാകവി മുഹമ്മദ് ഇഖ്ബാൽ, മഹാകവി രവീന്ദ്ര നാഥ ടാഗോർ, ജവഹർ ലാൽ നെഹ്‌റു എന്നിവർക്ക് സമ്മേളനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിലും ആശംസാ സന്ദേശങ്ങൾ അയച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനം സാമ്രാജ്യത്വ വിരുദ്ധവും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗവുമായി മാറി.

ഇപ്റ്റയുടെ പിറവി

1936 ൽ ലഖ്നോയിൽ നടന്ന അഖിലേന്ത്യാ  പുരോഗമന സാഹിത്യ സംഘം ( Indian Progressive Writers Association ) പ്രഥമ സമ്മേളനത്തിന്റെ പ്രധാന നിർദ്ദേശമാണ് കാലഘട്ടത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്‌ക്കരിക്കുന്ന ഒരു ജനകീയ നാടക പ്രസ്ഥാനം സംഘടിപ്പിക്കുക  എന്നത്. 1940 ൽ കൽക്കത്തയിൽ സ്ഥാപിച്ച ‘യൂത്ത് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്’, 1941ൽ അനിൽ ഡി  സിൽവയുടെ നേതൃത്വത്തിൽ ബംഗളൂരിൽ രൂപം കൊണ്ട ‘പീപ്പിൾസ് തീയേറ്റർ’ തുടങ്ങി നിരവധി നാടക ഗ്രൂപ്പുകൾ ഈ ആഹ്വാനത്തെ തുടർന്ന് ഉയർന്നു വന്നിരുന്നു. 1941 മെയ് 25 ന് ബോംബേയിലെ മാർവാഡി വിദ്യാലയത്തിൽ ചേർന്ന എഴുത്തുകാരുടെയും കലാകാരരുടെയും യോഗത്തിൽ വെച്ചാണ് ‘ഇന്ത്യൻ പീപ്പിൾസ്

തീയേറ്റർ അസോസിയേഷൻ’ രൂപം കൊണ്ടത്. റൊമൈൻ റോളണ്ട് രചിച്ച ജനകീയ നാടക സങ്കല്പങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച് ആവേശ ഭരിതനായ പ്രമുഖ ശാസ്ത്രജ്ഞൻ ഹോമി ജഹാംഗീർ ഭാഭയാണ് ‘പീപ്പിൾസ് തീയേറ്റർ’ എന്ന പേര് നിർദ്ദേശിക്കുന്നത്. ഐ പി ടി എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ആ പ്രസ്ഥാനം നാടകവേദിയിൽ മാത്രമല്ല സംഗീതം, നൃത്തം, സിനിമ തുടങ്ങി എല്ലാ കലാ രൂപങ്ങളിലും കൊടുങ്കാറ്റ് തന്നെ വിതയ്ക്കുകയായിരുന്നു.

കേരളത്തിൽ ജീവൽ സാഹിത്യ സംഘം 1937

1936 ഏപ്രിൽ 10 നാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ പുരോഗമന സാഹിത്യ സംഘം രൂപം കൊണ്ടത്. 1937 ൽ തൊട്ടടുത്ത വര്‍ഷം തന്നെ കേരളത്തിൽ സംഘടന പ്രവർത്തനം ആരംഭിച്ചു.. ”ജീവൽ സാഹിത്യ സംഘം “എന്ന പേരിലാണ് അത്  പ്രവർത്തിച്ചു തുടങ്ങിയത്. 1937 ൽ തൃശൂരിൽ വെച്ചാണ് ജീവൽ സാഹിത്യ സംഘത്തിന്റെ ആദ്യ സമ്മേളനം നടന്നത്. ജീവിക്കുന്ന സാഹിത്യം, ചലനാത്മകസാഹിത്യം, ജനകീയ സാഹിത്യം തുടങ്ങിയ അർത്ഥങ്ങളാണ് ആ പേരിനുള്ളത്. ജീവത്തായ സാഹിത്യം എന്നാൽ വർത്തമാനകാല

ജീവിതയാഥാർഥ്യങ്ങളുമായി ക്രിയാത്മകമായി ബന്ധപ്പെട്ടു നിൽക്കുകയും അവയോട് സർഗ്ഗാത്മകമായി പ്രതികരിക്കുകയും ചെയ്യുന്ന സാഹിത്യം. അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘത്തിന്റെ രൂപീകരണം നടന്ന ലഖ്നോ സമ്മേളനം അംഗീകരിച്ച നയരേഖ തന്നെയാണ് പൊതുവെ ജീവൽ സാഹിത്യ സംഘം അംഗീകരിച്ചത്.  
ഇ എം എസ്, കെ. ദാമോദരൻ, പികേശവ ദേവ്, കെ.എ.ദാമോദര മേനോൻ,എൻ.പി.ദാമോദരൻ, സി.നാരായണ പിള്ള,കെ.കെ.വാര്യർ,പി.നാരായണൻ നായർ,തുടങ്ങിയവരാണ് ജീവൽ സാഹിത്യ സംഘത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നത്. എ.മാധവൻ സെക്രട്ടറിയായിരുന്നു.   . “മനുഷ്യത്വമാണ് ജീവൽ സാഹിത്യകാരന്റെ ആദർശം. മനുഷ്യന്റെ പുരോഗമനമാണ് ജീവൽ സാഹിത്യകാരന്റെ ലക്‌ഷ്യം. അതിൽ കല ഒരു ഉപകരണം മാത്രമാണ്. കല കലയ്ക്കു വേണ്ടിയല്ല. മനുഷ്യന് വേണ്ടിയാണ്”. എന്ന മുദ്രാവാക്യമാണ് ജീവൽ സാഹിത്യ സംഘം ഉയർത്തിപ്പിടിച്ചത് .

പുരോഗമന സാഹിത്യ സമിതിയുടെ പിറവി 1944

1944 ജനവരി 29 ന് ഷൊർണ്ണൂരിൽ നടന്ന സമ്മേളനത്തിൽ വെച്ചാണ് പുരോഗമന സാഹിത്യ സമിതി  രൂപം കൊണ്ടത് .മഹാകവി വള്ളത്തോൾ, ജി.ശങ്കരക്കുറുപ്പ്, എം.പി.പോൾ, ജോസഫ് മുണ്ടശ്ശേരി, തകഴി, പൊൻകുന്നം വർക്കി, പി.കേശവദേവ്, എം എസ് ദേവദാസ്, കെ പി ജി തുടങ്ങിയ സാഹിത്യ രംഗത്തെ പ്രമുഖർ ആ സമ്മേളനത്തിൽ പങ്കെടുത്തു. എം പി പോൾ പ്രസിഡന്റും പി.കേശവ ദേവ്,സി.അച്യുത കുറുപ്പ്,എന്നിവർ സെക്രട്ടറിമാരും ആയിട്ടാണ് പുരോഗമന സാഹിത്യ സമിതിയുടെ നേതൃത്വം. കെടാമംഗലം പപ്പുക്കുട്ടി, ടി . എസ് തിരുമുമ്പ്, എസ് എൽ പുരം  സദാനന്ദൻ, പുതുശ്ശേരി രാമചന്ദ്രൻ, ഒളപ്പമണ്ണ,

വി.ടി.കുമാരൻ തുടങ്ങി ഒരു വലിയ നിര എഴുത്തിലും സംഘടനയിലും അക്കാലത്ത് സജീവമായിത്തീർന്നു. “തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യ ജീവിതത്തിന്റെ ചൂടിൽ നിന്ന് സ്വന്തം രക്തത്തെ ചൂടു പിടിപ്പിച്ചിട്ടാണ്, വാസനാ വൈഭവമുള്ള സാഹിത്യകാരൻ സ്വന്തം ഹൃദയ രക്തത്തിൽ തൂലിക മുക്കി എഴുതിയിട്ടാണ് ഭാഷയും സാഹിത്യവും അഭിവൃദ്ധിപ്പെട്ടതെന്നും നിലവിലിരിക്കുന്ന സാമൂഹിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തുറന്നു കാണിക്കാൻ സാഹിത്യകാരന് ബാദ്ധ്യതയുണ്ടെന്നും ഇതിനു വേണ്ടി ബോധപൂർവ്വമായും സംഘടിതമായും പ്രവർത്തിക്കണമെന്നും സാഹിത്യകാരന്മാരുടെ കലാസ്നേഹം അവരോട് ആജ്ഞാപിക്കുന്നു.” പി.കേശവദേവ് അവതരിപ്പിച്ച പ്രകടന പത്രിക ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞു.

1948 ജനുവരിയിൽ തൃശൂരിൽ നടന്ന സമ്മേളനത്തോടെ  സംഘടന പൂർണ്ണമായും ശിഥിലമായി.

രണ്ടു ദശകങ്ങൾ നീണ്ട സംഘടനാപരമായ ഇടവേളയാണ് കേരളത്തിലെ ഇടതു പക്ഷ സാംസ്ക്കാരിക പ്രവർത്തന രംഗത്ത്  പുരോഗമന സാഹിത്യ സമിതിയുടെ  തകർച്ചയെത്തുടർന്ന് ഉളവായത്. എന്നാൽ സംഘടന ഇല്ലാതിരുന്നിട്ടും, പുരോഗമന സാഹിത്യ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രം കലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും നവം നവങ്ങളായ ഉജ്ജ്വല സൃഷ്ടികളിലൂടെ ജനങ്ങൾക്കിടയിൽ ഏറ്റവും ശക്തമായ ചലനം സൃഷ്ടിച്ചതും ഇക്കാലത്താണ്. കഥയും  കവിതയും നോവലും നാടകവും സിനിമയും മാത്രമല്ല,സംഗീതവും നൃത്തവും വരെ പുരോഗമന കലാ സങ്കൽപ്പങ്ങളുടെ അതിശക്തമായ ആവിഷ്‌ക്കാര രൂപങ്ങളായിത്തീർന്നു. രാഷ്ട്രീയ സമ്മേളനങ്ങൾക്കൊപ്പം ആയിരങ്ങൾ പങ്കാളികളാകുന്ന സാഹിത്യ സമ്മേളനങ്ങളും പതിവായി.ട്രേഡ് യൂണിയൻ വാർഷികങ്ങൾക്കും ബഹുജന സംഘടനാ സമ്മേളനങ്ങൾക്കും ഒപ്പം കലാപരിപാടികളുടെ അവതരണങ്ങളും സാംസ്ക്കാരിക സമ്മേളനങ്ങളും സർവ്വ സാധാരണമായി മാറി. ഇപ്റ്റയുടെ സ്വാധീനം ഇന്ത്യയാകെ ഒരു നവ ജനകീയ നാടക സംസ്ക്കാരത്തിന് വഴിമരുന്നിട്ടതും ഇക്കാലത്താണ്. അതിന്റെ അനുരണനങ്ങൾ കേരളത്തിലും ശക്തമായി. മലബാർ കേന്ദ്ര കലാസമിതി, കെ പി എ സി, കൊല്ലം കാളിദാസ കലാ കേന്ദ്രം,കോട്ടയം കേരള തീയറ്റേഴ്സ്,കൊച്ചിൻ പ്രതിഭ ആർട്സ് ക്ല  ബ്ബ് തുടങ്ങി എണ്ണമറ്റ നാടക സമിതികളും നാടക പ്രസ്ഥാനങ്ങളും അവരുടെ മികച്ച നാടകങ്ങളുമായി അരങ്ങു വാണത് ഈ കാലത്താണ്.

ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ കാലം 1971

1971 മെയ് 27,28 തീയ്യതികളിൽ  ഏലങ്കുളത്ത് ഇ എം എസ്സിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ വെച്ച് ചെറുകാട് പ്രസിഡന്റും എം.എൻ കുറുപ്പ് സെക്രട്ടറിയുമായി ദേശാഭിമാനി സ്റ്റഡി സർക്കിൾ രൂപീകരിക്കപ്പെട്ടു. . ഏലങ്കുളത്തെ ഇ എം എസ്സിന്റെ തറവാട് വീട്ടിൽ വെച്ചു നടന്ന സമ്മേളനത്തിൽ ഇ എം എസ് ,ചെറുകാട്,ഇ.കെ.നായനാർ, എം. എസ്.ദേവദാസ്  എന്നിവർക്ക് പുറമെ കെ പി ജി, പി.ഗോവിന്ദപ്പിള്ള, കെ.ചാത്തുണ്ണിമാസ്റ്റർ, തായാട്ട് ശങ്കരൻ, എം.എൻ.കുറുപ്പ്, എം.കുട്ടികൃഷ്ണൻ,ജി.ഫിലിപ്സ്,ശ്രീരേഖ,എഴാച്ചേരി രാമചന്ദ്രൻ,പൊൻകുന്നം ദാമോദരൻ, കെ.പി.ശശിധരൻ, ഹരിഹരൻപൂഞ്ഞാർ,

ടി.കെ.നാരായണൻ, ഇ.വി.ജി, വി.പി.വാസുദേവൻ, എം.ആർ.ചന്ദ്രശേഖരൻ, പി.വിജയൻ, സി.പി.നാരായണൻ, ഇയ്യങ്കോട് ശ്രീധരൻ, ടി.ശിവദാസ്, കെ.ഐ.വാസുദേവൻ നായർ, കെ.പി.മോഹനൻ, പാലക്കീഴ്  നാരായണൻ, പാലക്കീഴ് ലക്ഷ്മണൻ തുടങ്ങി ലബ്ധ പ്രതിഷ്ഠരും യുവാക്കളും ഒന്നുപോലെ സമ്മേളനത്തിൽ പങ്കാളികളായി.നീണ്ട കാലത്തെ സംഘടനാ പരമായ നിശ്ശബ്ദതയ്ക്കു ശേഷം പിറവി കൊണ്ട ദേശാഭിമാനി സ്റ്റഡി സർക്കിൾ ഊർജ്ജ്വസ്വലതയുടെയും  ആശയ സംവാദത്തിന്റെയും ഒരു പുതിയ കാലഘട്ടത്തെ കെട്ടഴിച്ചു വിടുകയായിരുന്നു.

1981 മാർച്ച് 12,13,14,15 തീയതികളിൽ കോഴിക്കോട് വെച്ചു നടന്ന നാലാം സംസ്ഥാന സമ്മേളനം അതിന്റെ ചരിത്രത്തിലെ ജ്വലിച്ചു നിൽക്കുന്ന അനുഭവമായി മാറി. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമെത്തിയ പ്രതിഭാശാലികളുടെ സാന്നിദ്ധ്യം കൊണ്ട് അത് ഒരു ദേശീയ സമ്മേളനം ആയി മാറിയിരുന്നു. പഴയ അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയെയും ഇപ്റ്റ യെയും ഓർമ്മിപ്പിക്കുന്ന വിധത്തിൽ എല്ലാ കലാരൂപങ്ങളിലും അഗ്രഗണ്യരായ കലാകാരരും എഴുത്തുകാരും കോഴിക്കോട് സമ്മേളനത്തിൽ പങ്കെടുത്തു. ഇ എം എസ്, മഹാകവി വൈലോപ്പിള്ളി, തകഴി, എസ് .കെ.പൊറ്റക്കാട്, എം.ടി.വാസുദേവൻ നായർ, ഒ  എൻ വി, കെ.ടി.മുഹമ്മദ്,പൊൻകുന്നം വർക്കി, പി.ഗോവിന്ദപ്പിള്ള, പ്രശസ്ത മറാത്തി നാടകകാരൻ ജി.പി.ദേശ്പാണ്ഡേ, കന്നട നാടക സംവിധായകൻ പ്രസന്ന, പ്രമുഖ ചിത്രകാരൻ വിവാൻ സുന്ദരം, വാസ്തു ശിൽപ്പി റോമി ഖോസ്ലെ, എഴുത്തുകാരി കല്പനാ സാഹ്‌നി, ചലച്ചിത്ര പ്രതിഭ സയ്യിദ് മിഴ്സ, പ്രശസ്ത തെലുങ്ക് സാഹിത്യകാരൻ ഡോക്റ്റർ കെ.വിശ്വനാഥ റെഡ്ഢി, തമിഴ് നോവലിസ്റ്റ് ഡി.ശെൽവരാജ്, ഗീതാ കപൂർ, പ്രൊഫ.എം.കെ.സാനു, എം ആർ ചന്ദ്രശേഖരൻ, തായാട്ട് ശങ്കരൻ, പവനൻ, ഡോക്ടർ. ശ്രീകൃഷ്ണ ശർമ്മ,തുടങ്ങി ഒരു വൻ നിര കോഴിക്കോട് സമ്മേളനത്തിൽ എത്തിയിരുന്നു. മഹാകവി വൈലോപ്പിള്ളി ദേശാഭിമാനി സ്റ്റഡി സർക്കിൾ  പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന കാലം ആണ് അത്. പുരോഗമന കലാ സാഹിത്യ സംഘത്തിലേക്കുള്ള തുടക്കമായിരുന്നു കോഴിക്കോട് സമ്മേളനം.